സാഹിത്യലോകത്ത് വയനാടിന്റെ സ്ഥാനമെന്ത് ? സാഹിത്യത്തിൽ വയനാട് ആവിഷ്കൃതമായതെങ്ങനെ?
മാവേലിമന്റത്തിന്റെ എഴുത്തുകാരൻ കെ ജെ ബേബി, കവിയും സാസ്കാരിക വിമർശകനുമായ കൽപ്പറ്റ നാരായണൻ, കഥാകൃത്തും നോവലിസ്റ്റുമായ കെ യു ജോണി, ‘വല്ലി’ എന്ന നോവലിലൂടെ വയനാടൻ സാഹിത്യത്തെ അന്തർദേശീയതലങ്ങളിലെത്തിച്ച എഴുത്തുകാരി ഷീല ടോമി എന്നിവർ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംവാദത്തിലേർപ്പെട്ടു. എഴുത്തുകാരൻ ഷാജി പുൽപ്പള്ളി മോഡറ്റേറായിരുന്നു.
“എന്റെ ചെറുപ്പത്തിലെ ഏറ്റവും സമൃദ്ധമായ ഓർമ്മകളിൽ നിറഞ്ഞു കിടക്കുന്ന പ്രദേശങ്ങളാണ് കബനിയും കബനിയുടെ തീരവും കുറുവാദ്വീപുമെല്ലാം. കാടും കാടിന്റെ സംഗീതവും പുഴയുടെ പാട്ടുമൊക്കെ തന്നെയാണ് എന്നെക്കൊണ്ട് ഈ നോവൽ എഴുതിച്ചത്. ബഫർസോൺ വയനാടിനെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ഇപ്പോൾ നാമെല്ലാം. കാടിനെയും പുഴകളെയും കുറിച്ചുള്ള ആശങ്കൾ പോലെ പ്രധാനമാണ് ഇവിടെ ജീവിക്കുന്ന മനുഷ്യരെക്കുറിച്ചുള്ള ആശങ്കകളും.” : വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ എഴുത്തുകാരി ഷീലാ ടോമി സംസാരിക്കുന്നു. ഒപ്പം എഴുത്തുകാരായ കെ ജെ ബേബി, കെ യു ജോണി എന്നിവർ.
“ഗോത്രവർഗ്ഗക്കാർ ഒഴികെ വയനാട്ടിലുള്ള എല്ലാവരും ഇവിടെ വിരുന്നു വന്നവരാണ്. ഗൾഫിൽ പോകുന്നവരെപോലെ ജീവിക്കാൻ വന്നവരാണ് എല്ലാവരും. സ്വാഭാവികമായും ഇവിടെ പൊതുവായൊരു ഭാഷയില്ല. അയൽപക്കക്കാരനെ കണ്ടിട്ട് നിങ്ങൾ ഏത് നാട്ടുകാരനാണെന്ന് ചോദിക്കുന്ന കേരളത്തിലെ ഏക പ്രദേശം ഒരുപക്ഷെ വയനാടായിരിക്കും.” : വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ കല്പറ്റ നാരായണൻ. ഒപ്പം കെ ജെ ബേബി, ഷാജി പുൽപ്പള്ളി എന്നിവർ ‘എഴുത്തിന്റെ വയനാടൻ ഭൂമിക’ സെഷനിൽ.
“സുലഭമായ ഏകാന്തതകൊണ്ട് അനുഗ്രഹിക്കപ്പെട്ട ഒരു നാടാണ് വയനാട്. ആ ഏകാന്തത ഞാൻ വേണ്ടുവോളം അനുഭവിച്ചിട്ടുണ്ട്. മഴയത്ത് ഞാൻ തുള്ളിച്ചാടി നടന്നിട്ടുണ്ട്, ഒറ്റയ്ക്ക് പാട്ടു പാടി നടന്നിട്ടുണ്ട്. സ്വയം സംസാരിച്ചുകൊണ്ടാണ് സ്‌കൂളിൽ പോയിരുന്നത്.”: വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ കൽപ്പറ്റ നാരായണൻ സംസാരിക്കുന്നു. കെ ജെ ബേബി, മോഡറേറ്റർ ഷാജി പുൽപ്പള്ളി എന്നിവർ സമീപം.
നിരന്തരം പണിയെടുത്തുകൊണ്ടിരിക്കുന്നവരാണ് വയനാട്ടുകാർ. നമുക്ക് ആവശ്യമില്ലാത്തത്ര കാര്യങ്ങൾക്കായി അധ്വാനിക്കുന്ന, അതുകൊണ്ട് ജീവിതം നഷ്ട്ടപ്പെട്ട ഒരു ജാതിയാണ് മനുഷ്യൻ എന്നു പറയുന്നത്. ആവശ്യത്തിന് മാത്രം ജോലി ചെയ്താൽ പോരേ നമുക്ക്? ഇവിടുത്തെപ്പോലെയുള്ള തീവ്രമായ കാറ്റും തീവ്രമായ മഴയും തീവ്രമായ വെയിലുമൊക്കെ അതിതീവ്രമായി പ്രേരിപ്പിച്ചുകൊണ്ടിരിക്കും കൂടുതൽ ഒരു വയനാട്ടുകാരൻ ആകാൻ. : കല്പറ്റ നാരായണൻ. എഴുത്തുകാരായ കെ ജെ ബേബി, കൽപ്പറ്റ നാരായണൻ , കെ യു ജോണി, ഷീല ടോമി, ഷാജി പുൽപ്പള്ളി എന്നിവർ വയനാട് ലിറ്ററേച്ചർ ഫെറ്റിവലിൽ.